അസ്ഥിമാടങ്ങളിലാണ് സ്പന്ദനമെന്നു ചോരപ്പൂക്കള്‍
അതിന്റെ നിജസ്ഥിതിയറിയാന്‍ രാമായണം മുഴുവന്‍ വായിച്ചു
ഒടുവില്‍, കലക്കത്ത് വീട്ടില്‍ നിന്നു കാരണവരിലൊരാള്‍,
എങ്കില്‍, ഒന്നുമൊന്നും ചേര്ത്താലെത്രയെന്നു ചോദ്യം
ഉത്തരങ്ങള്‍ ജീവിതങ്ങളെ പോലെയാണ്,
ചിലപ്പോള്‍ ഉഴറിനടക്കും, മറ്റു ചിലപ്പോള്‍
ആശയസംഘട്ടനത്തിനു പുതിയ നിര്‍വചനം തരും
ഈസമയത്ത് മൗനമാണ് വലിയ ഉത്തരം
സ്പന്ദനങ്ങള്‍ പിടികിട്ടാതെ ഊയലാടി
സ്പന്ദനങ്ങള്‍ മുറിവുണങ്ങാതെ മുറിഞ്ഞുമാറി
നമുക്ക് ഉദ്ദേശശുദ്ധിക്കനുസരിച്ച് സ്പന്ദനങ്ങളെ
നാലായി തരംതിരിക്കാമെന്നു ഗണികന്മാര്‍
അതിലൊന്ന് പ്രണയത്തെ ഉരച്ചുനോക്കലാണ്
മറ്റൊന്ന് ജീവിത്തത്തെ ചേര്‍ത്തുപിടിക്കലാണ്
ഇനിയൊന്ന് കിട്ടാതെ പോയ വള തിരയലാണ്
മറ്റൊന്നു ഘടികാരം തുറന്നു വെക്കലാണ്
ഈ സമയത്ത് അനുഷ്ഠിക്കേണ്ട ബാലപാഠമാണ്
സ്പന്ദമാപിനിയില്‍ ഒരു ബോംബുപിടിപ്പിക്കുകയെന്നത്
ലോകം ചുറ്റിവരാന്‍ മഗല്ലന് എടുത്ത സമയത്തെയാണ്
സ്പന്ദനങ്ങള്‍ എന്ന് ആരെങ്കിലും പറഞ്ഞാല്‍
ക്ലിയോപാട്ര സമ്മതിക്കില്ല, കാരണം-
കൊത്താന്‍ വാളോങ്ങിനില്‍ക്കുന്ന പാമ്പിന്റെ
മനസ്സ് അവള്‍ക്ക് നന്നായറിയാം.
അതറിയാത്തവരാണ് സ്പന്ദനത്തിന്റെ ചരിത്രമെഴുതുന്നത്.