എക്കാലത്തും എവിടെയും സൂക്ഷിച്ചു വെക്കാവുന്ന
ഒരു മാപ്പ്- കൊലുമ്പനെ കോടാലിയാകൃതിയില്
എന്റെ ലാപ്ടോപ്പിന്റെ ഡെസ്ക്ടോപ്പില്
പക്ഷേ, കൊള്ളിക്കാനാവുന്നില്ല
എന്റെ മനസ്സില്‍ നിറക്കാനാവുന്നില്ല
രണ്ടരുകിനും മൂര്‍ച്ചയുള്ളതിനാല്‍
ഹൃദയം തുളച്ചിറങ്ങുന്നു, ചോര പൊടിയുന്നു
ജീവനു കേരളം വിലപറയുന്നു.
ആലപ്പുഴയില്‍ ഞാന്‍ കണ്ട വെടിമരുന്നുശാല,
ഉള്ളില്‍ പൊട്ടാന്‍ തയാറായ ഒരു ബാലന്
അവന്റെ കൈയില്‍ അമിട്ടിന്റെ പുസ്തകം
മാലപ്പടക്കത്തിന്റെ കൊലത്തിരി
സുനാമി നഷ്ടപ്പെടുത്തിയ അവസരത്തിനായി
കടല്‍ വെകിളി പിടിക്കുന്നു
കടലില്‍ പോയ മുക്കുവന് പോയാല്‍ പോട്ടെയന്നു
അക്ഷയകേന്ദ്രത്തില്‍ സര്‍ഫിങ്ങ് നടത്തുന്ന
മുക്കുവത്തി, അവളൊരു പാവത്തി
കേരളത്തിനു ചാളകണക്കേ വിലപേശുന്നവള്
കേരളത്തിന്റെ അരുകുകളില്‍ ആലപ്പുഴ
പൊട്ടാറായ പട്ടം പോലെ,
മഴയത്ത് ഒലിച്ചിറങ്ങുന്ന കലക്കവെള്ളത്തില്‍
മീന്‍ പിടിക്കാന്‍ ഒറ്റാലി വെച്ചതു പോലെ
ആലപ്പുഴയെന്നാല്‍ കേരളമെന്നാണ് എന്ന്
ഒരു കുരുടന് ആനയെ വിശദീകരിക്കുന്നു
ഞാനതിന് ചിത്രമെഴുതുന്നു
അങ്ങനെയുണ്ടാക്കിയ മാപ്പിലാണ്
കേരളം ചുവന്നു നിന്നത്
അതിനു പച്ച നിറം കൊടുക്കണമെന്നു ഭാര്യ
വേണ്ട, നീലമതിയെന്നു മകന്
അല്ല, മഞ്ഞ മതിയെന്നു മകള്‍
ഒടുവില്‍ ഞാനതില്‍ മഷിക്കൂടുകള് മറിച്ചിട്ടു
മാപ്പ്, മാപ്പ്, കേരളത്തിനു മാപ്പെന്നു
മൂന്നുര ചൊല്ലി മൊഴിയിട്ടു,
ഭൂപടത്തിന്റെ വിധിയെന്നു അടിവരയിട്ടു.